പാലക്കാട്: ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
മാവേലിക്കരയിൽ വച്ചാണ് പ്രതിയായ ശിൽപ്പ കൊലപാതകം നടത്തിയത്. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മാവേലിക്കരയിൽ നിന്നും കാറിൽ ഷൊർണൂരിൽ തിരികെയെത്തി. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചത്.
കൃത്യത്തിന് മുൻപ് തന്നെ കുഞ്ഞിനെ കൊല്ലുകയാണെന്ന് പറഞ്ഞ് പങ്കാളിക്ക് സന്ദേശമയച്ചിരുന്നു. ഇതുപോലെ പലതവണ മെസേജ് അയച്ചിട്ടുള്ളതിനാൽ പങ്കാളി ഇവർ പറയുന്നത് കാര്യമായി എടുത്തില്ല. എല്ലാ തവണത്തെയും പോലെ ഇത്തവണയും വെറുതെ പറയുകയാണെന്ന് ഇയാൾ കരുതിയെന്നും ശിൽപ്പ മൊഴി നൽകി.
ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെ പോലീസ് വീണ്ടും ശിൽപ്പയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെയും പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, ചോദ്യം ചെയ്തതിന് ശേഷം ശിൽപ്പയെ വിട്ടയച്ചു. ഇവർ നിരപരാധിയാണെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇന്നലെ രാവിലെയാണ് സർക്കാർ ആശുപത്രിയിൽ ശിൽപ്പ കുഞ്ഞിനെ എത്തിച്ചത്. എന്നാൽ, അൽപ്പ സമയത്തിനകം തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.












