തിരുവനന്തപുരം : ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി. ബിജു പ്രഭാകരന്റെ ആവശ്യപ്രകാരം ആണ് സ്ഥാന മാറ്റം. മാറ്റം ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. നിലവിൽ വ്യവസായ വകുപ്പ് സെക്രട്ടറിയായി ആണ് ബിജു പ്രഭാകറിനെ നിയമിച്ചിട്ടുള്ളത്.
നിലവിൽ കെ വാസുകിക്ക് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകിയിരിക്കുകയാണ്. റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതലയിൽ ബിജു പ്രഭാകർ തന്നെ തുടരും. കെഎസ്ആർടിസി സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിന് പിന്നാലെ ബിജു പ്രഭാകർ ഈ മാസം 17 വരെ അവധിയിൽ പ്രവേശിച്ചിരുന്നു.
പുതിയ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ബിജു പ്രഭാകർ സ്ഥാനമാറ്റം ആവശ്യപ്പെട്ടത് എന്നാണ് സൂചന. ഇലക്ട്രിക് ബസ് അടക്കമുള്ള വിഷയങ്ങളിൽ ഗണേഷ് കുമാറിന്റെ നിലപാട് ഗതാഗത സെക്രട്ടറിയുമായി ഭിന്നത രൂക്ഷമാക്കിയിരുന്നു.
Discussion about this post