ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിൽ മങ്ങിയ പ്രഭാവം എങ്ങനെയെങ്കിലും വീണ്ടെടുക്കാനാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയുടെ നീക്കം. ഇതിനായി ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസുമായി ചേർന്ന് നേരിടാനും പാർട്ടി തീരുമാനിച്ചു. 17 സീറ്റുകളാണ് കോൺഗ്രസിന് സമാജ്‌വാദി പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തിൽ 17 സീറ്റുകൾ നൽകിയത് വലിയ സംഭവമായി തോന്നുമെങ്കിലും ഒന്ന് കൂടി സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാര്യം വ്യക്തമാകും.
ഒരു വെടിയ്ക്ക് രണ്ട് പക്ഷിയാണ് അഖിലേഷ് യാദവിന്റെ ലക്ഷ്യം. കോൺഗ്രസിന് നൽകിയ സീറ്റുകൾ പരിശോധിച്ചാലാണ് ഇക്കാര്യം വ്യക്തമാകുക. അമേഠി, റായ്ബറേലി, വാരാണസി, ഭാഗ്പത്, ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ്, ഫത്തേപൂർ സിക്രി, ഹത്രാസ്, കാൻപൂർ, അമോറ, സഹരൺപൂർ, ബുലന്ദേശ്വർ, ഝാൻസി, സിതാപൂർ, മഹാരാജ്ഗഞ്ച്, കൈസർഗഞ്ച്, ബറാബങ്കി എന്നീ സീറ്റുകളാണ് കോൺഗ്രസിനായി സമാജ്‌വാദി പാർട്ടി വാഗ്ദാനം ചെയ്തത്. ഈ സീറ്റുകൾ എല്ലാം പാർട്ടിയ്ക്ക് സ്വാധീനമില്ലാത്തതാണെന്നാണ് സത്യം.
17 എണ്ണത്തിൽ നാമമാത്രമായ മണ്ഡലത്തിലാണ് പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങൾ ഗുണം ചെയ്യില്ല. അതിനാൽ ഈ സീറ്റുകൾ നൽകുന്നതിൽ സമാജ്‌വാദി പാർട്ടിയ്ക്ക് ദു:ഖിക്കാനില്ല. മറിച്ച് സന്തോഷിക്കാനുള്ള വക മാത്രമാണ് ഉള്ളത്. കോൺഗ്രസിനെ ഒപ്പം നിർത്താൻ അഖിലേഷ് യാദവിന് ഇതിലൂടെ സാധിക്കും.
ഈ സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചാൽ അതും സമാജ്‌വാദി പാർട്ടിയ്ക്ക് നേട്ടമാകും. മണ്ഡലങ്ങളിൽ കോൺഗ്രസുമായി ചേർന്ന് സ്വാധീനം ശക്തമാക്കാൻ സമാജ് വാദി പാർട്ടിയ്ക്ക് കഴിയും. അടുത്ത തിരഞ്ഞെടുപ്പിൽ ഇത് പാർട്ടിയ്ക്ക് പ്രയോജനപ്പെടുത്താം. എന്നാൽ മറിച്ചാണ് സംഭവിക്കുക എങ്കിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടിയുടെ ചിത്രം അപ്രത്യക്ഷമാകും.
അതേസമയം സീറ്റുകൾ സ്വീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. സീറ്റുകളിൽ ധാരണയായാൽ കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുമെന്ന് അഖിലേഷ് യാദവ് അറിയിച്ചിട്ടുണ്ട്.
Discussion about this post