വിരാട് കോഹ്ലി – അനുഷ്ക ശർമ ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നു. ആൺകുഞ്ഞ് ആണെന്നും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായും വിരാട് കോഹ്ലി വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രണ്ടാമത്തെ കുഞ്ഞു പിറന്ന വിവരം വിരാട് കോഹ്ലി പങ്കുവെച്ചത്.
അകായ് എന്നാണ് വിരുഷ്ക ദമ്പതികൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. വാമികയാണ് വിരാടിന്റെയും അനുഷ്കയുടെയും ആദ്യ മകൾ. ഇപ്പോൾ മകൾക്ക് കൂട്ടായി ഒരു കുഞ്ഞനിയൻ കൂടി എത്തിച്ചേർന്നതിനുള്ള സന്തോഷത്തിലാണ് ഇവർ. രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോഹ്ലി ഇംഗ്ലണ്ടിനെ എതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. വിരാടും അനുഷ്കയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന് കോഹ്ലിയുടെ ആർസിബി സഹ താരം എ ബി ഡിവില്ലിയേഴ്സ് ആണ് വെളിപ്പെടുത്തിയിരുന്നത്.
ഗർഭിണിയാണെന്ന വാർത്തകൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും കുഞ്ഞു ജനിച്ച കാര്യം വിരാട് കോഹ്ലി തന്നെയാണ് അറിയിച്ചത്. “ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നു, വാമികക്ക് അനിയനായി അകായ് എത്തിയിരിക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ അവസരത്തിൽ നിങ്ങൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്നും കരുതുന്നു” എന്നാണ് വിരാട് കോഹ്‌ലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചത്.
Discussion about this post