തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിക്കുന്നതിനിടെ യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്നായിരുന്നു മരണം.
വൈകീട്ടോടെയായിരുന്നു സംഭവം. ഉച്ചയോടെ യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ബന്ധുക്കൾ വീട്ടിൽ തന്ന പ്രസവമെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ രക്തസ്രാവം ഉണ്ടായി. കുഞ്ഞിനെ പൂർണമായും പുറത്തെടുക്കാൻ സാധിച്ചതുമില്ല. ഇതോടെ അവശനിലയിൽ ആയ ഷമീനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ ഷമീനയും കുഞ്ഞും മരിച്ചിരുന്നു. ഷമീനയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മൂന്ന് കുട്ടികൾ ഷമീനയ്ക്കുണ്ട്.
ഗർഭിണിയായിരിക്കെ തന്നെ ഷമീന ആശുപത്രിയിൽ ചികിത്സ തേടിയിരുന്നില്ലെന്നാണ് വിവരം. ഇതേ തുടർന്ന് ആശാവർക്കർമാരുൾപ്പെടെ ഇവർക്ക് ചികിത്സ തേടാൻ നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ നേമം പോലീസ് കേസ് എടുത്ത് അേേന്വഷണം ആരംഭിച്ചു.












