ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
രാത്രി അദ്ദേഹത്തിന് നെഞ്ച് വേദനയും ശാരീക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും.
ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. സേവനത്തിന് രാജ്യം പദ്മവിഭൂഷൺ, പദ്മഭൂഷൺ എന്നിവ നല്കി നരിമാനെ രാജ്യം ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാൻ. സുപ്രീം കോടതി മുൻ ജഡ്ജി റോഹിംഗ്ടൺ നരിമാൻ മകനാണ്.
എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. ബിഫോർ മെമ്മറി ഫേഡ്‌സ് അദ്ദേഹത്തിന്റെ ആത്മകഥയാണ്. ദി സ്റ്റേറ്റ് ഓഫ് നേഷൻ, ഗോഡ് സേവ് ദി ഓണറബിൾ സുപ്രീംകോർട്ട് എന്നിവ മറ്റ് പ്രധാന പുസ്തകങ്ങളാണ്.
ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായിട്ടായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972-1975 അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പദവി രാജിവെച്ചു.








