തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടത്താനായി പണമില്ലെന്ന് സർക്കാർ. പണമില്ലാത്തതിനാൽ ഇപ്പോൾ പരീക്ഷ നടത്തിപ്പിനായി ഒരു ബദൽ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളുടെ ദൈനംദിന ചെലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
മുഖ്യമന്ത്രിയുടെ വസതിയിൽ കർട്ടൻ ഇടാനും സ്പീക്കറുടെ വീട്ടിൽ ജിം ഒരുക്കാനും എല്ലാം ലക്ഷങ്ങൾ ചിലവഴിക്കുന്ന സർക്കാരിന് സംസ്ഥാനത്തിന്റെ ഭാവി പ്രതീക്ഷകളായ വിദ്യാർത്ഥികളുടെ പരീക്ഷ നടത്തിപ്പിന് പണമില്ല എന്ന് പറയുന്നത് വ്യാപകമായ പ്രതിഷേധങ്ങളാണ് ഉണ്ടാക്കുന്നത്. എസ്എസ്എൽസി ഐടി പരീക്ഷ, ഹയർ സെക്കൻഡറി പരീക്ഷ എന്നിവക്കാണ് സംസ്ഥാന സർക്കാർ പണമില്ലെന്ന് വ്യക്തമാക്കുന്നത്.
തൽക്കാലം പരീക്ഷ നടത്തിപ്പിനായി സ്കൂളുകളുടെ ദൈനംദിന ഫണ്ട് ചിലവാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. പിന്നീട് സർക്കാരിൽ നിന്നും പണം ലഭിക്കുന്ന മുറക്ക് സ്കൂളുകൾക്ക് ചിലവാക്കുന്ന പണം തിരികെ നൽകുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ സൂചിപ്പിക്കുന്നു. സ്കൂളുകളുടെ നിത്യ ചെലവുകൾക്ക് നൽകുന്ന പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സർക്കാരിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയിരിക്കുന്നത്.
Discussion about this post