ന്യൂഡൽഹി : ആകാശവാണിയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അവതാരകനായ അമീൻ സയാനി അന്തരിച്ചു. 91 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ ‘ഗീത് മാല’ എന്ന പരിപാടിയിലൂടെ ഏറെ ജനപ്രിയനായിരുന്ന റേഡിയോ അവതാരകനായിരുന്നു അമീൻ സയാനി. റേഡിയോ ബ്രോഡ്കാസ്റ്റിംഗ് വിപ്ലവത്തിന്റെ ഭാഗമായ പ്രതിഭയാണ് വിടവാങ്ങിയത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമീൻ സയാനിയെ അനുസ്മരിച്ചു.
ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ‘ഗീത് മാല’ പരിപാടി ആദ്യം റേഡിയോ സിലോണിലും പിന്നീട് ആകാശവാണിയിലും ആണ് പ്രക്ഷേപണം ചെയ്തിരുന്നത്. ഏറെ ആരാധകരുണ്ടായിരുന്ന ഈ പരിപാടിയാണ് ആദ്യ കാലഘട്ടത്തിൽ ആകാശവാണിയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. തന്റെ വേറിട്ട അവതരണശൈലിയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അമീൻ സയാനിക്ക് കഴിഞ്ഞിരുന്നു.
നാലര പതിറ്റാണ്ടോളം കാലം അമീൻ സയാനി ആകാശവാണിയുടെ ഭാഗമായിരുന്നു. അമ്പതിനായിരത്തിലേറെ റേഡിയോ പരിപാടികളുടെ ഭാഗമായ സയാനി നിരവധി ജിംഗിളുകൾക്കും ശബ്ദം നൽകി. 2009 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.
Discussion about this post