ന്യൂഡൽഹി: ശീതകാല സൈനിക വിന്യാസ സംവിധാനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഗണ്യമായ എണ്ണം സൈനികരെ പിൻവലിച്ചതോടെ, വരുന്ന വേനൽക്കാലത്ത് കിഴക്കൻ ലഡാക്കിൽ സൈനികരുടെ എണ്ണം ഒരു പരിധിയിൽ കൂടുതൽ ഉണ്ടാകില്ലെന്ന കാര്യത്തിൽ ധാരണയായതായി ഇന്ത്യയും ചൈനയും വ്യക്തമാക്കി.
എന്നിരുന്നാലും ഡെപ്‌സാങ് സമതലങ്ങളിൽ നിന്നും ഡെംചോക്കിൽ നിന്നുമുള്ള വേർപിരിയൽ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമായി തുടരുന്നു എന്നും ഈ നിർണായക വിഷയത്തിൽ നടന്ന ചർച്ചകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു ധാരണയിലെത്താൻ കഴിഞ്ഞില്ലെന്നും പ്രതിരോധ-സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
ഫെബ്രുവരി 19 ന് നടന്ന കോർപ്‌സ് കമാൻഡർ തലത്തിലുള്ള 21-ാം റൗണ്ട് ചർച്ചയിലാണ് വരും മാസങ്ങളിൽ സൈനികരുടെ വിന്യാസം പരിമിതപ്പെടുത്താനുള്ള തീരുമാനമെടുത്തത്. വേനൽക്കാലത്തിന് മുന്നോടിയായി നടക്കുന്ന അടുത്ത കോർപ്സ് കമാൻഡർ തല ചർച്ചയിൽ ഇതിനുള്ള നടപടിക്രമങ്ങൾ അന്തിമമാക്കും.
2020 ലെ ഗാൽവാൻ ഏറ്റുമുട്ടലിനെത്തുടർന്ന് ലഡാക്കിലെ മഞ്ഞുമൂടിയ പർവ്വത പ്രദേശങ്ങളിൽ 90 ടാങ്കുകളും 300 ലധികം ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളും സഹിതം 68,000 അധിക സൈനികരെയും ഇന്ത്യ വിന്യസിച്ചിരുന്നു.
കിഴക്കൻ ലഡാക്കിലെയും പ്രത്യേകിച്ച് എൽഎസിയിലെയും തീവ്രമായ താപനില കാരണം, ഇരു രാജ്യങ്ങളും മേഖലയിൽ സൈനിക വിന്യാസം നേരത്തെ തന്നെ കുറച്ചിരുന്നു. ചില സ്ഥലങ്ങളിൽ പേരിന് സൈനികരെ വിന്യസിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിൽ നിന്നും പൂർണ്ണമായും പിൻവലിച്ചിട്ടുണ്ട്
Discussion about this post