വയനാട് : പുൽപ്പള്ളിയെ ഭീതിയിലാഴ്ത്തി വീണ്ടും ജനവാസ മേഖലയിൽ കടുവയിറങ്ങി. ജനക്കൂട്ടം നോക്കിനിൽക്കെ കടുവ പശുക്കളെ ആക്രമിച്ചു. കടുവയുടെ ആക്രമണത്തെ തുടർന്ന് ഒരു പശു ചത്തു. പുൽപ്പള്ളിക്ക് സമീപം കുറിച്ചിപ്പറ്റയിലാണ് ബുധനാഴ്ച കടുവ ഇറങ്ങിയത്.
കിളിയാങ്കട്ടയിൽ ശശി എന്നയാളുടെ പശുക്കൾക്ക് നേരെയാണ് കടുവ ആക്രമണം നടത്തിയത്. വയലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു പശുകൾക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ശശിയും സമീപവാസികളായ മറ്റാളുകളും ഈ സമയം ഇവിടെയുണ്ടായിരുന്നു. ആളുകൾ നോക്കിനിൽക്കെ കാട്ടിൽ നിന്നും ഇറങ്ങി വന്ന കടുവ പശുക്കളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
കടുവ ആദ്യം പിടികൂടിയ പശു കുതറി ഓടി രക്ഷപ്പെട്ടതോടെ രണ്ടാമത്തെ പശുവിനെയും ആക്രമിച്ചു. ഈ സമയം നാട്ടുകാർ ചേർന്ന് ബഹളം വെച്ചപ്പോൾ കടുവ തിരികെ വനത്തിലേക്ക് തന്നെ ഓടിപ്പോയി. തുടർന്ന് സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ കടുവ വന്ന സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post