കൊൽക്കത്ത: കൂട്ട ബലാത്സംഗക്കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷിബു പ്രസാദ് ഹസ്രയ്ക്കെതിരെ വീണ്ടും പരാതി. മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയ സ്ത്രീയുടെ പരാതിയിൽ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ദേശീയ വനിതാ കമ്മിഷന്റെ (എൻസിഡബ്ല്യു) ഇടപെടലിനെ തുടർന്നാണ് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 376 (ബലാത്സംഗവുമായി ബന്ധപ്പെട്ടത്) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ബുധനാഴ്ച ഹസ്രയ്ക്കും സഹായികളായ അമീർ അലി ഗാജി, ഭാനു മൊണ്ടോൾ എന്നിവർക്കുമെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേസ് കൂടി. സന്ദേശ്ഖാലിയിലെ സ്ത്രീകൾ നൽകിയ പീഡനുവമായി ബന്ധപ്പെട്ട് ഹസ്രയെ ഫെബ്രുവരി 17 നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സന്ദേശ്ഖാലിയിലെ ലൈംഗികാതിക്രമ കേസുകളെ കൂടാതെ ഭൂമി കൈയേറ്റം സംബന്ധിച്ച പരാതികളും പതികൾക്കെതിരെ ഉയർന്നിരുന്നു. പ്രദേശത്തെ പാവപ്പെട്ട ജനങ്ങളിൽ നിന്നും നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയാണ് പ്രതികൾ കൈക്കലാക്കിയത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിന്റെ സഹായികളും ലൈംഗികാതിക്രമം ആരോപിച്ച് നിരവധി സ്ത്രീകൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ഫെബ്രുവരി 8 മുതൽ ഗ്രാമം രാജ്യത്തിൻറെ ശ്രദ്ധാകേന്ദ്രമായി മാറിയത്.
Discussion about this post