ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ചയിൽ ഒരു വിദേശ വിനോദസഞ്ചാരി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഒരു വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി. ഗുൽമാർഗിലെ സ്‌കീ റിസോർട്ടിലാണ് സംഭവം
കാണാതായ ആളിനായി തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയ ആൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഹിമപാതം ആരംഭിച്ചത് എന്ന് ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
കോങ്ദൂരി ചരിവുകളിലും ഇന്ന് ഹിമപാതമുണ്ടായിരുന്നു. നിരവധി സ്‌കെയർമാർ കുടുങ്ങി. പ്രദേശവാസികളുടെ സഹായമില്ലാതെ വിദേശികൾ ഒറ്റയ്ക്കു സ്‌കൈയിങ്ങിനു ശ്രമിച്ചതും അപകട കാരണമായെന്നാണു സൂചന. സൈന്യവും ജമ്മു കശ്മീർ ഭരണകൂടത്തിന്റെ പട്രോളിംഗ് സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശ്രീനഗർ-ലേ റോഡിലെ സോനാമാർഗിൽ ഇന്നലെ ഹിമപാതം രേഖപ്പെടുത്തിയിരുന്നു. കശ്മീരിൽ കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. താഴ്വരയിലെ കുന്നിൻ പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വലിയതോതിലുള്ള മഞ്ഞുവീഴ്ചയുണ്ടാകുന്നുണ്ട്. പ്രദേശത്ത് ഇനിയും ഹിമപാതം രൂപപ്പെട്ടേക്കാമെന്നാണു വിവരം.
Discussion about this post