കൊല്ലം : അഴീക്കൽ തീരത്ത് നീലമുഖി കടൽവാത്തയെ കണ്ടെത്തി. വളരെ അപൂർവമായി മാത്രം കരയിലെത്താറുള്ള കടൽപക്ഷിയാണ് നീലമുഖി കടൽവാത്ത. അസാധാരണമായ പക്ഷിയെ കണ്ടതിന്റെ കൗതുകത്തിൽ ആയ നാട്ടുകാർ ഫോട്ടോകളും വീഡിയോകളും എടുത്തുകൊണ്ട് പക്ഷിയുടെ പുറകെ കൂടി.
സാധാരണഗതിയിൽ മനുഷ്യരുമായി തീരെ അടുക്കാത്തവരാണ് നീലമുഖി കടൽവാത്തകൾ. എന്നാൽ അഴീക്കൽ തീരത്തെത്തിയ കടൽവാത്ത ഫോട്ടോയും വീഡിയോയും എടുക്കുന്ന മനുഷ്യരോട് മികച്ച രീതിയിൽ തന്നെ സഹകരിച്ചത് ആളുകളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
പസഫിക്, ഇന്ത്യൻ, അറ്റ്‌ലാന്റിക് മഹാസമുദ്രങ്ങളിൽ കണ്ടുവരുന്ന ഈ കടൽ പക്ഷേ കരയിൽ കണ്ടെത്താൻ കഴിയുക എന്നുള്ളത് വളരെ അപൂർവമാണ്. ഇതിനുമുൻപ് 220ൽ കൊല്ലം ശക്തികുളങ്ങരയിൽ ആയിരുന്നു ഇത്തരത്തിൽ ഒരു കടൽവാത്ത കരയിൽ എത്തിയിരുന്നത്.
സമുദ്രത്തിനു മുകളിൽ പരുന്തിനെ പോലെ ഉയരത്തിൽ പറക്കുകയും ജലത്തിൽ മത്സ്യങ്ങളെ കാണുമ്പോൾ ആഴങ്ങളിലേക്ക് കുതിച്ച് കൊത്തിയെടുക്കുകയും ചെയ്യുന്നവയാണ് നീലമുഖി കടൽവാത്തകൾ.
പക്ഷി ക്ഷീണിതയായി കാണപ്പെട്ടതിനാൽ കൊല്ലം ബേഡ് ബറ്റാലിയൻ നീലമുഖി കടൽവാത്തയെ ഏറ്റെടുത്ത് വനം വകുപ്പിനെ ഏൽപ്പിച്ചു. ക്ഷീണം മാറിക്കഴിഞ്ഞാൽ ഈ കടൽ പക്ഷിയെ തിരികെ കടലിലേക്ക് തന്നെ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post