ലക്‌നൗ: വാരണാസിയിലെ യുവാക്കൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ബോധമില്ലാത്തവരാണ് കാശിയിലെ യുവാക്കളെ മദ്യപാനികൾ എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. വാരാണസിയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വാരാണസിയിലെ റോഡുകളിൽ രാത്രിയിൽ ആളുകൾ മദ്യപിച്ച് നൃത്തം ചെയ്യുന്നത് കണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.
ഉത്തർപ്രദേശിലെയും കാശിയിലെയും യുവാക്കൾ ഒരു വികസിതമായ സംസ്ഥാനത്തിന് വേണ്ടി കഠിനമായി അധ്വാനിക്കുന്നവരാണ്. ഇപ്പോൾ യുപി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ യുവാക്കൾ അവരുടെ ശോഭനമായ ഭാവി രചിക്കുന്നതിൽ വ്യാപൃതരാണ്. അവരെ ഈ നാടുവാഴികൾ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.
യുപിയിലെയും കാശിയിലെയും യുവാക്കൾ മദ്യപന്മാരാണെന്നാണ് കോൺഗ്രസിന്റെ യുവരാജാവ് പറയുന്നത്. എന്ത് ഭാഷയാണത്. മോദിയെ അധിക്ഷേപിച്ച് അവർ രണ്ട് ദശകങ്ങൾ നശിപ്പിച്ചു. ഇപ്പോൾ അവരുടെ നിരാശ ഭക്തരിലും യുപിയിലെ യുവാക്കളിലും തീർക്കുകയാണ്’- പ്രധാനമന്ത്രി തുറന്നടിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെയായിരുന്നു രാഹുൽഗാന്ധിയുടെ വിവാദ പരാമർശം. വാരണാസിയിലേക്ക് പോയപ്പോൾ അവിടെ ആളുകൾ റോഡിൽ മദ്യപിച്ചു കിടക്കുന്നത് കണ്ടു. ഉത്തർപ്രദേശിന്റെ ഭാവി രാത്രിയിൽ മദ്യപിച്ച് റോഡിൽ നൃത്തം ചെയ്യുകയാണ്. മറ്റൊരു വശത്ത് മോദിയുടെയും അംബാനിയുടെയും അദാനിയുടെയുമെല്ലാം ആഗ്രഹമായ രാമക്ഷേത്രവും കാണാം.
രാമക്ഷേത്രത്തിൽ നിങ്ങൾക്ക് ഇന്ത്യയിലെ കോടീശ്വരന്മാരെ കാണാം. പിന്നാക്ക വിഭാഗങ്ങളിൽ നിന്നോ ദളിതർക്കിടയിൽ നിന്നോ ഉള്ള ഒരാളെ പോലും കാണാനാകില്ല എന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.









