ന്യൂഡൽഹി: തന്നെ കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങൾ പുറത്തു വിടുന്നതിനെതിരെ മുൻ ലോക് സഭാ എം പി മഹുവ മൊയ്ത്ര സമർപ്പിച്ച ഹർജ്ജി തള്ളി ഡൽഹി ഹൈ കോടതി. വസ്തുതാപരമായ വിവരങ്ങൾ മാത്രമേ പുറത്ത് വന്നിട്ടുള്ളൂ എന്നും നിങ്ങൾ ഒരു പൊതു വ്യക്തിത്വം ആയതിനാൽ ഇതിൽ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്നും അതിനാൽ തന്നെ ഈ ഹർജ്ജി തള്ളുന്നു എന്നും കോടതി വ്യക്തമാക്കി.
വിദേശ നാണ്യ വിനിമയ നിയമം അഥവാ ഫെമയുടെ ലംഘനങ്ങളെക്കുറിച്ച് ന്യായവും സുതാര്യവും ധാർമ്മികവുമായ അന്വേഷണം നടത്തുന്നതിനുപകരം ഫെമ കേസിൽ ഇ ഡി അയച്ച സമൻസിൻ്റെയും ഏജൻസിക്ക് സമർപ്പിച്ച പ്രാഥമിക പ്രതികരണത്തിൻ്റെയും വിശദാംശങ്ങൾ മനഃപൂർവവും ദുരുദ്ദേശ്യത്തോടെയും മാധ്യമങ്ങൾക്ക് ഇ ഡി ചോർത്തി നൽകുകയായിരുന്നു എന്ന് മഹുവ മൊയ്ത്ര അവരുടെ ഹർജിയിൽ വാദിച്ചിരുന്നു.
അതെ സമയം മഹുവ മൊയ്ത്രയ്‌ക്കെതിരെ പുറത്തു വിട്ട വാർത്തകൾ ഒരു “പൊതുപ്രവർത്തക” എന്ന നിലയിൽ അവർ ചെയ്ത പ്രവൃത്തികൾ സംബന്ധിച്ച് ഒരു “പൊതുപ്രവർത്തകയെ” ക്കുറിച്ചുള്ള റിപ്പോർട്ടിംഗ് ആണെന്ന് എഎൻഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാന്ത് കുമാർ ഹൈക്കോടതിയിൽ വാദിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിക്കുന്ന മഹുവ മൊയ്‌ത്രയെപ്പോലുള്ള പൊതു വ്യക്തിത്വങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങളുടെ അവകാശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നിങ്ങൾ (മഹുവ) ഒരു പൊതു വ്യക്തിത്വമാണ്. പുറത്ത് വന്നിരിക്കുന്നത് വസ്തുതകൾ മാത്രമാണ്. ഇതിൽ ഒരു നിയമപ്രശ്‌നം ഒന്നും ഇല്ല . ഒരേയൊരു പ്രശ്നം പൊതുസഞ്ചയത്തിൽ ലഭ്യമല്ലാത്ത വിവരങ്ങളും ഏജൻസികളുടെ അന്വേഷണത്തിലുള്ള വിവരങ്ങളും എങ്ങനെയാണ് പത്രങ്ങളിൽ വരുന്നത് എന്നത് മാത്രമാണ്. കോടതി വ്യക്തമാക്കി.
അതെ സമയം കേസ് സംബന്ധിച്ച ഒരു വിവരങ്ങളും ഇ ഡി പുറത്ത് വിട്ടിട്ടില്ല എന്നും, ഈ വിവരങ്ങൾ ഒക്കെ എങ്ങനെ പുറത്ത് പോയി എന്ന് ഞങ്ങൾക്ക് അറിയില്ല എന്നും ഇ ഡി വ്യക്തമാക്കി
Discussion about this post