പത്തനംതിട്ട : അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം നടന്നത്. മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിനു (30) ആണ് അറസ്റ്റിൽ ആയത്. സഹോദരി ഭർത്താവായ പോലീസ് ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.
തിരുവല്ലയിലെ അയൽവാസിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു പ്രിനു. രണ്ട് പെൺകുട്ടികളും മാതാവും അടക്കം മൂന്നു സ്ത്രീകൾ താമസിക്കുന്ന വീടാണിത്. ഏതാനും മാസങ്ങളായി ഇയാൾ സ്ഥിരമായി കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി വരികയായിരുന്നു. സ്ത്രീകൾ കുളിമുറിയിൽ കയറുന്ന തക്കം നോക്കി ഒളിക്യാമറ സ്ഥാപിക്കുകയും പിന്നീട് ക്യാമറ എടുത്ത് ദൃശ്യങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറ്റുകയും ആയിരുന്നു പ്രതി ചെയ്തുവന്നിരുന്നത് .
പേനയുടെ രൂപത്തിലുള്ള ഒളിക്യാമറ ആയിരുന്നു ഇയാൾ കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്താനായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിൽ വീട്ടിലെ പെൺകുട്ടി കുളിമുറിയിൽ കയറിയ സമയത്ത് ഇയാൾ ഒളിക്യാമറ സ്ഥാപിക്കുന്നതിനിടയിൽ പേന കുളിമുറിക്കുള്ളിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഇത് ക്യാമറയാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണ് പ്രിനുവിന്റെ ദൃശ്യങ്ങളും മാസങ്ങളായി ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളും കണ്ടെത്തുന്നത്.
പെൺകുട്ടിയും കുടുംബവും ചേർന്ന് പോലീസിൽ പരാതി നൽകിയത് അറിഞ്ഞ പ്രതി ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിൽ അടക്കം നിരവധി സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നു. പ്രതിയുടെ സഹോദരിയുടെ ഭർത്താവായ വിജിലൻസ് ഉദ്യോഗസ്ഥന്റെ ചങ്ങനാശ്ശേരിയിലെ ക്വാർട്ടേഴ്സിൽ കഴിഞ്ഞു വരികയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് സഹോദരിക്കും ഭർത്താവിനും എതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post