പാലക്കാട് : RSS പ്രവർത്തകനായിരുന്ന ഏലപ്പള്ളി എ സജ്ഞിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ നാലാം പ്രതി മുഹമ്മദ് യാസിൻ സമർപ്പിച്ച എസ്കോർട്ട് പരോളിനായുള്ള ഹർജി കോടതി തള്ളി. പാലക്കാട് അഡീഷണൽ സെഷൻസ് ജഡ്ജി R വിനായക റാവുവാണ് പ്രതിയുടെ ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകളോട് അനുബന്ധിച്ച് മാർച്ച് 2ന് നടക്കുന്ന കർമ്മങ്ങളിൽ പങ്ക് ചേരാൻ അനുവദിക്കണമെന്നാണ് പ്രതി ആവശ്യപ്പെട്ടിരുന്നത്.
പാലക്കാട് എടുപ്പുകുളം സ്വദേശിയായ സഞ്ജിത്തിനെ 2021 നവംബർ 15 ന് ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സജ്ഞിത്തിനെ ഭാര്യയുടെ മുന്നിൽ വെച്ച് അതിക്രൂരമായ രീതിയിൽ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അതീവ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നും നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ പാർപ്പിച്ചിട്ടുള്ള പ്രതിയെ ചടങ്ങിൽ പങ്കെടുപ്പിക്കാനായി എത്തിക്കുന്നത് സ്ഥലത്ത് കനത്ത ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നുമുള്ള വാദമാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ പ്രധാനമായും ഉയർത്തിയത്. പ്രതിക്ക് ഒരു കാരണവശാലും എസ്കോർട്ട് പരോൾ അനുവദിക്കരുതെന്നുള്ള പോലിസ് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥയായ പാലക്കാട് എ എസ് പി അശ്വതി ജിജി കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇതോടൊപ്പം കേസിന്റെ അന്വേഷണത്തിനിടയിൽ പോലിസ് പിടിച്ചെടുത്ത തൻ്റെ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് കേസിലെ ഒന്നാം പ്രതി അബ്ദുൾ സലാമും ഭാര്യ സഫീന ബീഗവും കൂടി സമർപ്പിച്ച ഹർജിയും പ്രോസിക്യൂഷൻ്റെ കടുത്ത എതിർപ്പിനെ തുടർന്ന് കോടതി തള്ളിക്കളഞ്ഞു. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചതിനെ തുടർന്ന് വിചാരണ നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്.
Discussion about this post