തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് കേരള സർക്കാർ ശുപാർശ ചെയ്തവരുടെ പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി അയച്ചു. മൂന്നു പേരെയാണ് സംസ്ഥാന സർക്കാർ വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് ശുപാർശ ചെയ്തിരുന്നത്. സ്വകാര്യ കോളേജിൽ നിന്ന് വിരമിച്ച രണ്ട് അദ്ധ്യാപക സംഘടന നേതാക്കളും ഒരു മാദ്ധ്യമപ്രവർത്തകനും ആണ് സർക്കാർ ശുപാർശ പട്ടികയിൽ ഉണ്ടായിരുന്നത്.
വിവരാവകാശ കമ്മീഷണർ നിയമനത്തിനെതിരെ പരാതികൾ ഉയർന്നിട്ടുള്ള സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. സർക്കാർ വിശദീകരണം ലഭിച്ചശേഷം തുടർനടപടികളെ കുറിച്ച് തീരുമാനിക്കുമെന്നും ഗവർണർ അറിയിച്ചു. ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കി സർക്കാരിന് താൽപര്യമുള്ള ആളുകളെ വിവരാവകാശ കമ്മീഷണർ സ്ഥാനത്ത് തിരുകി കയറ്റാനുള്ള ശ്രമം നടക്കുന്നതായി ഗവർണർക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു.
സുപ്രീംകോടതി വ്യവസ്ഥകൾ ലംഘിച്ചാണ് സംസ്ഥാന സർക്കാർ വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് ശുപാർശ പട്ടിക നൽകിയിരിക്കുന്നത് എന്നാണ് പരാതി ഉയർന്നിട്ടുള്ളത്. അർദ്ധ ജുഡീഷ്യൽ അധികാരമുള്ള വിവരാവകാശ കമ്മീഷനിൽ നിയമിക്കപ്പെടുന്ന വ്യക്തികൾ കാര്യക്ഷമതയോടെയും നീതിയോടെയും പ്രവർത്തിക്കാൻ യോഗ്യതയുള്ളവരായിരിക്കണമെന്നും സംസ്ഥാന സർക്കാർ ശുപാർശ പട്ടിക പുന:പരിശോധിക്കണമെന്നും ഗവർണർക്ക് ലഭിച്ച പരാതിയിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്.
Discussion about this post