ന്യൂഡൽഹി : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമ രംഗത്തെ സമാന്തര സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു കുമാർ സാഹ്നി.
സത്യജിത് റേയുടെയും മൃണാൾ സെന്നിന്റെയും പിന്മുറക്കാരനായാണ് കുമാർ സാഹ്നി അറിയപ്പെട്ടിരുന്നത്. 1940 ഡിസംബർ 7ന് ലർക്കാനയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. പിന്നീട് മുംബൈയിലേക്ക് താമസം മാറി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രശസ്ത സംവിധായകൻ ഋതിക് ഘട്ടക്കിന്റെ ശിഷ്യൻ ആയിരുന്നു കുമാർ സാഹ്നി. 1972ല്‍ പുറത്തുവന്ന മായാദര്‍പ്പണാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ആദ്യ ചിത്രത്തിൽ തന്നെ ആ വർഷത്തെ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം കുമാർ സാഹ്നി സ്വന്തമാക്കി.
തരംഗ്, ഖയാല്‍ ഗാഥ, കസ്‌ബ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ കുമാർ സാഹ്നി ഒരുക്കിയിട്ടുണ്ട്. 2019ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതിയുടെ അധ്യക്ഷനായിരുന്നു കുമാർ സാഹ്നി. ആറുപതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര ജീവിതത്തിന് ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. ചലച്ചിത്രകാരൻ എന്ന നിലയിൽ കൂടാതെ അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നി നിലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് കുമാർ സാഹ്നി.
Discussion about this post