റാഞ്ചി: ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും അടക്കി വാണ മത്സരത്തിൽ ഇംഗ്ലണ്ടിനെ 145 റൺസിന് പുറത്താക്കി ഇന്ത്യ. ഇതോടെ ഇംഗ്ലണ്ടിനെതിരെ വിജയിക്കാൻ ഇന്ത്യക്ക് വെറും 192 റൺസ് എടുത്താൽ മതി. 5 വിക്കറ്റ് എടുത്ത രവിചന്ദ്രൻ അശ്വിൻ ബൗളർമാരിൽ മികച്ചു നിന്നു എന്ന് സാങ്കേതികമായി പറയാമെങ്കിലും തമ്മിൽ ആരാണ് മെച്ചം എന്ന് പറയാൻ സാധിക്കാത്ത വിധം മികച്ച പ്രകടനത്തോടെ കുൽദീപ് യാദവും അശ്വിനും സന്ദർശകരെ കറക്കി വീഴ്ത്തുകയായിരുന്നു.
നേരത്തെ ഇംഗ്ലണ്ട് ബോളർമാരുടെ ഉയർന്ന നിലവാരം കാഴ്ചവച്ച പ്രകടനത്തിന് മുമ്പിൽ പരിചയ സമ്പന്നത കുറഞ്ഞ ഇന്ത്യൻ ബാറ്റിംഗ് തിര തകർച്ചയെ നേരിടുന്നതാണ് രണ്ടാം ദിനം കണ്ടതെങ്കിൽ, ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യൻ പ്രതീക്ഷകളെ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജുറൈൽ ഒറ്റക്ക് തോളിലേറ്റുന്നതാണ് മൂനാം ദിനം കണ്ടത്. ഒരറ്റത്ത് വിക്കറ്റ് വീണു കൊണ്ടിരിക്കുമ്പോഴും തളരാതെ പൊരുതിയ ധ്രുവ് സെഞ്ചുറിക്ക് 10 റൺസ് അകലെ വീഴുമ്പോഴേക്കും ഇന്ത്യൻ സ്കോർ 300 എത്തിയിരുന്നു. ഉയർന്ന ലീഡ് നേടാൻ ഇംഗ്ലണ്ടിന് കഴിയാതിരുന്നത് ധ്രുവ് ജുറൈലിന്റെ ഈ പ്രകടനം കാരണമാണ്. 217 / 7 എന്ന നിലയിൽ മൂനാം ദിനം കളി ആരംഭിച്ച ഇന്ത്യയുടെ വിക്കറ്റുകൾ പെട്ടെന്ന് പോയിരിന്നുവെങ്കിൽ ഒരു പക്ഷെ ചിത്രം തന്നെ വേറെയാകുമായിരിന്നു
വെറും 45 റൺസിന്റെ ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് കളിയിലേക്ക് ഒരിക്കലും പ്രവേശിക്കുവാൻ ഇന്ത്യൻ സ്പിന്നർമാർ അനുവദിച്ചില്ല എന്നതാണ് സത്യം. കഴിഞ്ഞ കളിയിലെ സെഞ്ചുറിയൻ ജോ റൂട്ടിനെ ചെറിയ സ്കോറിന് അശ്വിൻ പുറത്താക്കുക കൂടെ ചെയ്തപ്പോൾ ഇംഗ്ലണ്ട് പൊരുതാൻ പോലുമാകാതെ കീഴടങ്ങുകയായിരുന്നു.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 13 റൺസ് എടുത്തിട്ടുണ്ട്
Discussion about this post