എറണാകുളം : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരരംഗത്ത് ട്വന്റി-20യും ഉണ്ടാകും. ട്വന്റി-20 പ്രസിഡണ്ട് സാബു എം ജേക്കബ് ആണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ ട്വന്റി-20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കിഴക്കമ്പലത്ത് വച്ച് നടന്ന ട്വന്റി-20 മഹാ സംഗമത്തിൽ വച്ചായിരുന്നു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം ട്വന്റി-20 വ്യക്തമാക്കിയത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളാണ് ട്വന്റി-20 സ്ഥാനാർത്ഥിയാകുന്നത്. എറണാകുളത്തെ പാർട്ടിയുടെ സ്ഥാനാർത്ഥി അഡ്വ. ആന്റണി ജൂഡി ആയിരിക്കും എന്നും ട്വന്റി-20 പ്രസിഡന്റ് സാബു എം ജേക്കബ് വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി സാബു എം ജേക്കബ് മത്സരിക്കും എന്ന തരത്തിലുള്ള വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ ജീവിതത്തിൽ ഇന്നേവരെ നേരിൽ കണ്ടിട്ടില്ല. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്, സിപിഐഎം നേതാക്കൾ പലരും തന്റെ വീട്ടിൽ വന്നിരുന്നു. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി ഡി സതീശനും 5 സീറ്റുകൾ ഓഫർ ചെയ്തു. പി രാജീവും സിപിഐഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾ അഞ്ചുതവണ തന്റെ വീട്ടിൽ വന്ന് ചർച്ച നടത്തി. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങൾ തന്റെ കയ്യിൽ ഉണ്ടെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
Discussion about this post