ലഖ്‌നൗ : ലോകത്തിന് മുൻപിൽ ഇപ്പോൾ ഉത്തർപ്രദേശിന്റെ പ്രതിച്ഛായ മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി ഭരണത്തിൽ എത്തുന്നതിന് മുൻപ് ഉത്തർപ്രദേശിലെ യുവാക്കളുടെ കയ്യിൽ തോക്കുകൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോളത് ടാബ്ലറ്റുകൾ ആയി മാറിയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഒരു ദേശീയ ചാനൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് ഉത്തർപ്രദേശിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ യുപിയിൽ ആക്രമണങ്ങളും കവർച്ചകളും ഇല്ലാതായി തുടങ്ങി. മുൻപ് കലാപങ്ങൾ ഉണ്ടായിരുന്ന ഇടങ്ങളിൽ ഇപ്പോൾ സമാധാനം മാത്രമാണുള്ളത്. വ്യക്തികൾ സുരക്ഷിതരായാൽ മാത്രമേ സംസ്ഥാനത്തെ നിക്ഷേപം സുരക്ഷിതം ആവുകയുള്ളൂ എന്ന് ഇപ്പോൾ ഉത്തർപ്രദേശിലെ ജനങ്ങൾ മനസ്സിലാക്കി തുടങ്ങി എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
എക്സ്പ്രസ്സ് വേകളുടെയും വിമാനത്താവളങ്ങളുടെയും കാര്യത്തിൽ ഉത്തർപ്രദേശ് ഇപ്പോൾ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. നേരത്തെ രണ്ടു വിമാനത്താവളങ്ങൾ മാത്രം ഉണ്ടായിരുന്ന ഉത്തർപ്രദേശിൽ ഇപ്പോൾ പ്രമുഖ നഗരങ്ങളിൽ എല്ലാം വിമാനത്താവളങ്ങൾ ആയി കഴിഞ്ഞു. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്കും നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണ്. ഇതിനെല്ലാം കാരണം ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്താനായി അല്ലാതെ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു ഇരട്ട എൻജിൻ സർക്കാർ ഉത്തർപ്രദേശിൽ ഉള്ളതാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post