ഇടുക്കി : മൂന്നാറിനെ മുൾമുനയിൽ നിർത്തി കാട്ടാന പടയപ്പ. തിങ്കളാഴ്ച വൈകിട്ടാണ് മൂന്നാറിൽ പടയപ്പയുടെ കലി ഇളകിയ ആക്രമണം ഉണ്ടായത്. ഒരു കാറും ഇരുചക്ര വാഹനവും ആന ആക്രമിച്ചു. രാവിലെ ഇതേ പ്രദേശത്ത് പടയപ്പ ഒരു മണിക്കൂറോളം ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
മൂന്നാർ-മറയൂർ സംസ്ഥാനപാതയിൽ ആയിരുന്നു ഇന്ന് പടയപ്പ ആക്രമണം നടത്തിയത്. നയമക്കാട് വെച്ച് നിർത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും ആക്രമിക്കുകയായിരുന്നു. ആനയെ കണ്ട് വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ ഓടിപ്പോയതിനാൽ ആളപായം ഒന്നും ഉണ്ടായില്ല.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മൂന്നാറിൽ വീണ്ടും പടയപ്പ ആക്രമണം നടത്തുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി പടയപ്പയെ ജനവാസ മേഖലയിൽ കണ്ടിരുന്നില്ല. തിങ്കളാഴ്ച രാവിലെ നയമക്കാട് എസ്റ്റേറ്റ് റോഡിൽ ആയിരുന്നു ആന ഗതാഗത തടസ്സം സൃഷ്ടിച്ചത്. തമിഴ്നാട്ടിൽ നിന്ന് സിമന്റുമായി വന്ന ലോറി ഒരു മണിക്കൂറോളം സമയം ആന റോഡിൽ തടഞ്ഞുനിർത്തി. നയമക്കാട് എസ്റ്റേറ്റ് മേഖലയിൽ തന്നെയാണ് പടയപ്പ ഇപ്പോഴും തുടരുന്നത്.
Discussion about this post