തിരുവനന്തപുരം: കേരളത്തിൽ ബിജെപി ഈ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനന്തപത്മനാഭ സ്വാമിയെ ഈ അവസരത്തിൽ സ്മരിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിക്കായി അനന്തപത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എന്റെ സഹോദരീ സഹോദരന്മാരെ, നമസ്കാരം എന്ന് മലയാളത്തിലാണ് ബിജെപി പദയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.
‘കേരളത്തിൽ ബിജെപി ഈ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കും. 400 സീറ്റുകൾ എന്ന ബിജെപിയുടെ ലക്ഷ്യത്തിൽ കേരളവും പങ്കാളികളാകും. കേരളത്തിലെ ജനങ്ങളോട് ബിജെപി ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ലഭിക്കുന്ന വിഹിതം കേരളത്തിനും നൽകിയിട്ടുണ്ട്. മലയാളികളുടെ ആഗ്രഹങ്ങളെല്ലാം മോദി സർക്കാർ നിറവേറ്റിയിട്ടുണ്ട്. കേരളത്തിന് അർഹമായതെല്ലാം ബിജെപി സർക്കാർ നൽകി.
പരാജയത്തിന്റെ ഭീതിയിൽ പ്രതിപക്ഷത്തിന് സമനില തെറ്റി. കേരളത്തിലും നടക്കുന്നത് കുടുംബാധിപത്യമാണ്. കോൺഗ്രസും സിപിഎമ്മും ചേർന്ന് കുടുംബാധിപത്യത്തിനാണ് ശ്രമിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസിന്റെ അതേ കുടുംബ വാഴ്ച്ചയാണ് നടത്തുന്നത്. അകത്ത് പരസ്പരം വിമർശിക്കുകയും പുറത്ത് പോയി ഇരുവരും കൈകോർത്ത് ഒന്നിച്ചിരുന്ന് ചായ കുടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post