അയോദ്ധ്യ: അയോദ്ധ്യയില്‍ ചേര്‍ന്ന വിഎച്ച്പി പ്രബന്ധ സമിതിയോഗത്തിൽ വിശ്വഹിന്ദു പരിഷത്ത് അദ്ധ്യക്ഷനായി മുതിർന്ന അഭിഭാഷകൻ അഡ്വ. അലോക് കുമാറിനെയും ജനറല്‍ സെക്രട്ടറിയായി ബജ്രംഗ് ലാല്‍ ബംഗ്രയെയും തെരഞ്ഞെടുത്തു. അതേസമയം മിലിന്ദ് പരാന്ദേയെ സംഘടനാ ജനറല്‍ സെക്രട്ടറിയായും വിനായക് റാവു ദേശ്പാണ്ഡെയെ സഹസംഘടനാ ജനറല്‍ സെക്രട്ടറിയായും യോഗം തിരഞ്ഞെടുക്കുകയുണ്ടായി.
നിലവിൽ സംഘടനയുടെ വർക്കിംഗ് പ്രസിഡൻ്റായ കുമാർ, രാജി വച്ച മുൻ അദ്ധ്യക്ഷൻ ഡോ. ആർ എൻ സിങ്ങിൻ്റെ പിൻഗാമിയായായാണ് അദ്ധ്യക്ഷ പദവിയിലേക്കെത്തുന്നത്. കുമാറിനെയും ബഗ്രയെയും 400ഓളം ഭാരവാഹികൾ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
ഉത്തർപ്രദേശിലെ അയോധ്യയിൽ നടന്ന വിഎച്ച്‌പിയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെയും ഗവേണിംഗ് കൗൺസിലിൻ്റെയും യോഗത്തിൽ ഇനി വരാൻ പോകുന്ന ലോക് സഭാ ഇലക്ഷൻ തിരഞ്ഞെടുപ്പിൽ ഹിന്ദു സമൂഹം മറ്റ് വ്യത്യാസങ്ങൾ എല്ലാം മറന്ന് രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കപ്പെട്ടു.
“ഈ ദേശീയ തിരഞ്ഞെടുപ്പ് ഭാരതത്തിൻ്റെ ഭാവി നിർണ്ണയിക്കാൻ പോകുന്നതാണ്. സമ്പൂർണ സുരക്ഷിതവും സമൃദ്ധവും ശക്തവുമായ ഒരു ഭാരതം നമ്മുടെ വരും തലമുറകൾക്ക് കൈമാറുക എന്നത് നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ഈ പ്രവർത്തനത്തിന് ഭാരതത്തിൻ്റെ സംസ്‌കാരത്തെയും മൂല്യങ്ങളെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഗവൺമെൻ്റ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്, അതിനാൽ വ്യക്തിപരമായ താൽപ്പര്യങ്ങൾ, ജാതി പക്ഷപാതം, ഭാഷാവാദം, വർഗീയത, പ്രാദേശികത മുതലായവ മാറ്റിവെച്ച് ദേശീയ താൽപ്പര്യങ്ങൾക്കായി വോട്ട് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്തിൻ്റെ ട്രസ്റ്റി ബോർഡ് ഹിന്ദു സമൂഹത്തോട് അഭ്യർത്ഥിക്കുന്നു” പ്രമേയം വ്യക്തമാക്കി








