ഷിംല: 68 അംഗ നിയമസഭയിൽ വെറും 25 എംഎൽഎമാർ മാത്രമുണ്ടായിരുന്നിട്ടും ഹിമാചൽ പ്രദേശിലെ ഏക രാജ്യസഭാ സീറ്റിൽ തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിച്ച് ബിജെപി. ബി ജെ പി സ്ഥാനാർത്ഥി ഹർഷ് മഹാജനാണ് വലിയ അട്ടിമറിയിലൂടെ വിജയം കരസ്ഥമാക്കിയത്. നിയമസഭയിൽ വൻ ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇത്തരത്തിൽ ഒരു സംഭവം നടന്നത് കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.
കോൺഗ്രസ് സ്വന്തമായി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നിൽ നേരിട്ട തിരിച്ചടിയിൽ അന്തസ്സിനേറ്റ ക്ഷതം എന്നതിലുപരി ഭൂരിപക്ഷം നഷ്ടപെട്ട കോൺഗ്രസ് സർക്കാരിനെതിരെ ഉടൻ തന്നെ പ്രതിപക്ഷമായ ബി ജെ പി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും എന്നതാണ് കോൺഗ്രസിനെ ഈയവസരത്തിൽ അലട്ടുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പിന് വെറും ആഴ്ചകൾ മാത്രം ശേഷിക്കെ കയ്യിലിരുന്ന ഒരു സംസ്ഥാനം കൂടി പോകുന്നത് കോൺഗ്രസിന് കനത്ത പ്രഹരമാകും.
അതേസമയം ബിജെപി വ്യാഴാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വൃത്തങ്ങൾ അറിയിച്ചു. നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുള്ളത് കൊണ്ട് തന്നെ, ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ഏക രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ അവരുടെ സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്വി അനായാസം വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തിയാണ് ബി ജെ പി ഇത്തരത്തിലൊരു അട്ടിമറി നീക്കം നടത്തിയത്
Discussion about this post