അഗർത്തല: സെപാഹിജാല വന്യജീവി സങ്കേതത്തിലെയും മൃഗശാലയിലെയും വന്യജീവികൾക്ക് വിവാദപരമായ പേരുകൾ നൽകുകയും സംസ്ഥാന അധികാരികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ത്രിപുര അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രവീൺ ലാൽ അഗർവാളിനെ ത്രിപുര സർക്കാർ പിരിച്ചുവിട്ടു.
സിംഹങ്ങൾക്ക് ‘സീത’ എന്നും ‘അക്ബർ’ എന്നും പേരിടാനുള്ള തീരുമാനമാണ് വിവാദമായത്, ഇത് നിയമപോരാട്ടത്തിനും വൻ ജനരോഷത്തിനും കാരണമായിരുന്നു. ഇതിനെതിരെ ബംഗാൾ ഹൈ കോടതിയിൽ വിശ്വ ഹിന്ദു പരിഷദ് കേസ് കൊടുക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ബംഗാൾ ഹൈ കോടതിയിൽ നിന്നും മൃഗശാല അധികൃതർ നിശിത വിമർശനവും ഏറ്റു വാങ്ങുകയുണ്ടായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് , പേരിടൽ പ്രക്രിയയിൽ അഗർവാൾ നിർണായക പങ്കുവഹിച്ചതായും വിഷയത്തിൽ ത്രിപുര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തിയത് .
ഇതിനെ തുടർന്നാണ് ഫെബ്രുവരി 23 ന് അഗർവാളിനെ പിരിച്ചുവിട്ടത്. തൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാരിനെ ഇരുട്ടിൽ നിർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം പിരിച്ചു വിട്ടത് കൂടാതെ അഗർവാളിനെതിരെ അച്ചടക്ക നടപടിയും പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു, സംഭവത്തെ സംസ്ഥാനം അത്രമാത്രം ഗൗരവത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്നാണിത് കാണിക്കുന്നത്
Discussion about this post