ബംഗളൂരു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ നസീർ ഹുസൈന്റെ വിജയത്തിന് പിന്നാലെ നിയമസഭയ്ക്കുള്ളിൽ പാകിസ്താൻ സിന്ദാബാദ് വിളിച്ച് ആഘോഷിച്ച് കോൺഗ്രസിന്റെ ആഹ്ലാദ പ്രകടനം. ഫലം വന്നതിന് പിന്നാലെ പ്രവർത്തകർ പാക് മുദ്രാവാക്യം വിളിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പുറത്തു വിട്ടു.
‘കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പൊളിറ്റിക്കൽ സെക്രട്ടറി കോൺഗ്രസിന്റെ നസീർ ഹുസൈൻ കർണാടകയിൽ നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ ഉയർന്നു. കോൺഗ്രസിന് പാകിസ്താനോടുള്ള അഭിനിവേശം അപകടകരമാണ്. ഇത് ഇന്ത്യയെ വിഭജനത്തിലേക്ക് എത്തിക്കും. ഞങ്ങൾക്ക് അത് താങ്ങാൻ കഴിയില്ല’- അമിത് മാളവ്യ എക്‌സിൽ കുറിച്ചു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപി നേതാവ് സിടി രവി എന്നിവർ ഉൾപ്പെടെ നിയമസഭയിലെ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ, സംഭവം വിവാദമായതോടെ തങ്ങൾ പാകിസ്താന് വേണ്ടി മുദ്രാവാക്യം വിളിച്ചിട്ടില്ലന്നും ഹുസൈന് വേണ്ടി മാത്രമാണ് മുദ്രാവാക്യം വിളിച്ചതെന്നും വിശദീകരിച്ച് കോൺഗ്രസ് രംഗത്തെത്തി.
അതേസമയം, കോൺഗ്രസിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ബംഗളൂരുവിലെ വിധാന സൗധയ്ക്ക് പുറത്ത് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ ബിജെപി വിധാന സൗധ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post