ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. 3,300 കിലോ ലഹരി മരുന്നുമായി അഞ്ച് പേർ പിടിയിലായി. പാകിസ്താൻ ഇറാൻ സ്വദേശികളാണ് പിടിയിലായത്. ഇന്ത്യൻ നാവികസേനയുടെയും , ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്വകാഡിന്റെയും സഹായത്തെടെയാണ് ഇവരെ പിടികൂടിയത്. ഇന്ത്യൻ നാവികസേന നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
ഈ മരുന്നുകളുടെ രാജ്യാന്തര വിപണി മൂല്യം 2000 കോടിയിലേറെ വരുമെന്നാണ് റിപ്പോർട്ട്. 3,089 കിലോ കഞ്ചാവ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവ ഉൾപ്പെടുന്ന മയക്കുമരുന്നുകളാണ് കടത്താൻ ശ്രമിച്ചത്. ഇതിന്റെ പാക്കറ്റുകളിൽ പാകിസ്താനിൽ ഉത്പാദിപ്പിച്ചവ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ നാവികസേനയുടെ ബോട്ട് രണ്ട് ദിവസമായി കടലിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ചപ്പോൾ സംശയാസ്പദമായി ബോട്ട് കാണുകയായിരുന്നു. ബോട്ട് പരിശോധിച്ചപ്പോഴാണ് വൻതോതിൽ മയക്കുമരുന്ന് അധികൃതർ കണ്ടെത്തിയത്. തുടർന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ബോട്ടും മയക്കുമരുന്നും പിടിച്ചെടുത്തു. തുടർന്ന് ബോട്ടും പിടിയിലായവരെയും ,മയക്കുമരുന്നും ഗുജറാത്തിലെ പോർബന്തറിലേക്ക് കൊണ്ടുപോയി.
ബോട്ട് ജീവനക്കാരായ പാകിസ്താൻ സ്വദേശികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് അന്വേഷണം തുടരുകയാണ്. മയക്കുമരുന്നിന്റെ ഉറവിടവും , ലക്ഷ്യസ്ഥാനവും കണ്ടെത്തുന്നതിനുമായി അന്വേഷണം നടക്കുന്നു എന്നും അധികൃതർ പറഞ്ഞു.
Discussion about this post