എറണാകുളം: ബിജെപി നേതാവ് രൺജിത്ത് ശ്രനിവാസൻ കൊലക്കേസിൽ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഒന്നു മുതൽ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് കോടതിയെ സമീപിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അപ്പീലിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. മാർച്ച് 13ന് ഹർജി വീണ്ടും പരിഗണിക്കും.
2021 ഡിസംബർ 19നായിരുന്നു ആലപ്പുഴയിലുള്ള വീട്ടിൽ കയറി രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യമായ ആസൂത്രണത്തിന് പിന്നാലെയായിരുന്നു കൊലപാതകമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി മുഴുവൻ പ്രതികൾക്കും വധശിഷ വിധിക്കുകയായിരുന്നു.
നവാസ്, അനൂപ്, സഫറുദ്ദീൻ, മുൻഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ജസീബ് രാജ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്‌റഫ്, നൈസാം, അജ്മൽ, അബ്ദുൽ കലാം എന്നിവരാണ് കേസിലെ പ്രതികൾ. ഇത്തരത്തിൽ നിഷ്ഠൂരമായ ക്രൂരത നടത്തിയ ഇവർ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധിന്യായത്തിൽ ജഡ്ജി വ്യക്തമാക്കിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇതെന്നാണ് വിധി പ്രഖ്യാപിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയത്.












