എറണാകുളം : വന്ദേഭാരത് എക്സ്പ്രസ് ആലുവയിൽ വെച്ച് അപ്രതീക്ഷിതമായി നിന്നത് യാത്രക്കാരെ ആശങ്കയിലാക്കി. ട്രെയിനിനുള്ളിൽ വച്ച് ഒരു യാത്രക്കാരൻ പുകവലിച്ചതാണ് ട്രെയിൻ പെട്ടെന്ന് നിൽക്കാൻ കാരണമായത്. പുകവലിച്ച ഉടൻ തന്നെ സ്മോക്ക് ഡിറ്റക്ടർ പ്രവർത്തിക്കുകയും സ്മോക്ക് അലാറം മുഴങ്ങുകയും ചെയ്തു. ഇതോടെ ലോക്കോ പൈലറ്റ് ഉടൻതന്നെ ട്രെയിൻ നിർത്തുകയായിരുന്നു.
തിരുവനന്തപുരത്തുനിന്നും കാസർകോഡേക്ക് പോകുന്ന ട്രെയിനിലാണ് സംഭവം ഉണ്ടായത്. ട്രെയിൻ കളമശ്ശേരിയിൽ എത്തിയ സമയത്താണ് സ്മോക്ക് അലാറം മുടങ്ങിയത്. ട്രെയിനിലെ സി5 കോച്ചിലാണ് യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് സ്മോക്ക് അലാറം മുഴങ്ങിയത്. അലാറം കേട്ടതോടെ ട്രെയിനിലെ യാത്രക്കാർ ആശങ്കാകുലരായി. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പുകവലിച്ചത് മൂലമാണ് സ്മോക്ക് അലാറം മുഴങ്ങിയത് എന്ന് കണ്ടെത്തിയത്.
ട്രെയിനിനുള്ളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പുകവലിച്ച യാത്രക്കാരനെ കണ്ടെത്തുമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാരന്റെ ഈ അശ്രദ്ധമായ പ്രവൃത്തി കാരണം 23 മിനിറ്റ് ആണ് ട്രെയിൻ നിർത്തിയിടേണ്ടിവന്നത്. തുടർന്ന് എല്ലാ യാത്രക്കാരോടും പുകവലിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് വന്ദേഭാരത് യാത്ര പുനരാരംഭിച്ചത്.
Discussion about this post