തിരുവനന്തപുരം : എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ പ്രീണന രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. മതപ്രീണനമാണ് എൽഡിഎഫിൻ്റെ നയം. യുഡിഎഫ് ആണെങ്കിൽ തീവ്രവാദ സംഘടനകളെയും പ്രീണിപ്പിക്കുന്നു. എൽഡിഎഫും യുഡിഎഫും അശ്ലീല മുന്നണികളായി അധപതിച്ചുവെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടന്ന എൻഡിഎ കേരളത്തിന്റെ സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി കെ കൃഷ്ണദാസ്. എൻഡിഎ ഘടക കക്ഷികളുടെ സീറ്റ് ആവശ്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും കേന്ദ്രത്തിൽനിന്ന് ആയിരിക്കും സീറ്റ് വിഭജനക്കാര്യത്തിൽ തീരുമാനമാവുക എന്നും എൻഡിഎ സംസ്ഥാന നേതൃയോഗത്തിൽ ധാരണയായി.
സിപിഐഎം വർഗീയ വാദികൾക്ക് മുന്നിൽ അടിയറവ് പറഞ്ഞതായി പി കെ കൃഷ്ണദാസ് വ്യക്തമാക്കി.
മുസ്ലീം ലീഗിൻ്റെ സ്ഥാനാർത്ഥി നിർണയം നടന്നത് എകെജി സെൻ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗ് പൊന്നാനിയിലേയും മലപ്പുറത്തേയും സ്ഥാനാർത്ഥികളെ വെച്ച് മാറിയത് അതിനാലാണ്. ലീഗും സിപിഐഎമ്മും തമ്മിലുള്ള അന്തർധാര മറനീക്കി പുറത്തുവന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗ് സിപിഐഎമ്മിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
Discussion about this post