ഡല്‍ഹി: ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ഇസ്ലമാബാദില് നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റി വച്ചത് പരസ്പരധാരണ പ്രകാരമെന്ന് ഇന്ത്യ. മാറ്റിവച്ച ചര്‍ച്ച ഉടന്‍തന്നെ നടത്തുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ചര്‍ച്ച മാറ്റിവച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് അദ്ദേഹം അറിയിച്ചത്.
നേരത്തെ, നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചതായി പാക്കിസ്ഥാന് അറിയിച്ചിരുന്നു. ചര്‍ച്ച റദ്ദാക്കിയിട്ടില്ലെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണ് ചെയ്തതെന്നും പാക്കിസ്ഥാന് വിദേശകാര്യ വക്താവ് ഖാസി ഖലീലുള്ളയാണ് അറിയിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇന്ത്യയും രംഗത്തെത്തിയത്.
പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷ ഇ മുഹമ്മദിനെതിരെ പാക്കിസ്ഥാന് സ്വീകരിച്ചുവരുന്ന നടപടികള്‍ ശരിയായ ദിശയില്‍ തന്നെയാണെന്നും വികാസ് സ്വരൂപ് അഭിപ്രായപ്പെട്ടു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അന്വേഷണത്തിനെത്തുന്ന പാക്ക് സംഘത്തിന് എല്ലാവിധ പിന്തുണയും നല്‍കും. പ്രതികളെ പിടികൂടുന്നതിനാവശ്യമായ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ട്. എല്ലാ പ്രതികളെയും പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്തുവെന്നു പറയുന്ന ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ അറസ്റ്റിനെ പറ്റി പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയത്തിന് യാതൊരു അറിവും ഇല്ലെന്നും പാക്ക് വിദേശകാര്യ വക്താവ് അറിയിച്ചു. പാക്ക് മാധ്യമങ്ങളായിരുന്നു അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
.
Discussion about this post