മുംബൈയിലെ ആഡംബര ഹോട്ടലായ താജിനു മുൻപിൽ പലപ്പോഴും കാണുന്ന ഒരു വിസ്മയകരമായ കാഴ്ചയുണ്ട്. താജ് ഹോട്ടലിന്റെ മുൻപിൽ പ്രവേശന കവാടത്തിനോട് ചേർന്ന് സ്വസ്ഥമായി ഉറങ്ങുന്ന ഒരു തെരുവ് നായ! സാധാരണ തെരുവുകളിലെ ചെറിയ കടകളിൽ നിന്നുപോലും ആട്ടിയോടിക്കപ്പെടാറുള്ള തെരുവ് നായ്ക്കളിൽ ഒന്ന് എങ്ങനെ താജ് ഹോട്ടൽ പോലൊരു ആഡംബര ഹോട്ടലിന്റെ മുൻപിൽ ഇങ്ങനെ ആരുടെയും ശല്യം ഇല്ലാതെ സ്വസ്ഥമായി കിടന്നുറങ്ങുന്നു എന്നുള്ളത് ഇവിടെയെത്തുന്ന പല അതിഥികളെയും അതിശയിപ്പിക്കാറുണ്ട്. ആ ഉറക്കത്തിന് പിന്നിലെ കഥ പങ്കുവയ്ക്കുകയാണ് റൂബി ഖാൻ എന്ന എച്ച് ആർ പ്രൊഫഷണൽ.
താൻ താജ് ഹോട്ടലിൽ എത്തിയ സമയം ആദ്യം തന്നെ കണ്ടത് ഈ അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ പ്രമുഖർ മുതൽ അന്തർദേശീയ സെലിബ്രിറ്റികളും മറ്റു പ്രമുഖ വ്യക്തികളും വന്ന് താമസിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആഡംബര ഹോട്ടൽ ആയ താജിന്റെ കവാടത്തിൽ ഒരു തെരുവ് നായ. ഹോട്ടലിലേക്ക് എത്തുന്ന അതിഥികൾക്ക് അവൻ യാതൊരു ശല്യവും ഉണ്ടാക്കുന്നില്ല. അതിഥികളും വളരെ കൗതുകപൂർവ്വം അവനെ വീക്ഷിച്ചതിനു ശേഷം അവനെ ശല്യപ്പെടുത്താതെ അകത്തേക്ക് കടക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന രീതിയിൽ ആ തെരുവുനായ യാതൊരു ശല്യവും ഇല്ലാതെ സ്വസ്ഥമായി താജിലെ ആ തണുത്ത നിലത്ത് കിടന്നുറങ്ങുന്നു.
ഈ കാഴ്ച ഓരോ ദിവസങ്ങളിലും ആവർത്തിച്ചു കണ്ടതോടെ എച്ച് ആർ പ്രൊഫഷണൽ ആയ റൂബിക്ക് അതിശയം തോന്നി. സാധാരണഗതിയിൽ ഏതൊരു ഹോട്ടലിലും ഇത്തരത്തിൽ ഒരു തെരുവ് മൃഗങ്ങളെയും സ്വീകരിക്കാറില്ല. ഗേറ്റ് കടക്കാൻ പോലും സുരക്ഷാ ജീവനക്കാർ തെരുവ് മൃഗങ്ങളെ സമ്മതിക്കാറില്ല. പിന്നെ എങ്ങനെയാണ് ഈ ഒരു നായ ഇവിടെ താജിൽ എത്തിപ്പെട്ടത്? റൂബി അവിടുത്തെ പഴയ ജീവനക്കാരോട് ഈ സംശയം പങ്കുവെച്ചു. അവർ നൽകിയ മറുപടി റൂബിയെ ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. ആ തെരുവ് നായ ജനിച്ച കാലം മുതൽ തന്നെ ഇവിടെയാണുള്ളത്. അവൻ ഈ പരിസരത്ത് തന്നെ ചുറ്റിക്കറങ്ങി നടക്കും. ഇവിടെ വന്നു കിടന്നുറങ്ങും. എവിടെയെങ്കിലും പുറത്തേക്കു പോയാലും തിരികെ ഇങ്ങോട്ട് തന്നെ വരും. ജീവനക്കാർ ആരും തന്നെ അവനെ തടയാറില്ല. ഇവിടുത്തെ സെലിബ്രിറ്റി അതിഥികളെ പോലെ തന്നെയാണ് ഈ മൃഗവും.
ഈ മറുപടി റൂബിയെ ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്. സാക്ഷാൽ രത്തൻ ടാറ്റ തന്നെയാണ് ആ തെരുവ് നായയുടെ സമാധാനത്തോടെയുള്ള ഉറക്കത്തിന് പിന്നിലെ കാരണം. മൃഗങ്ങളോട് ഏറെ കരുണയും കരുതലും കാണിക്കുന്ന വ്യക്തിത്വമാണ് രത്തൻ ടാറ്റയുടേത്. അതിനാൽ തന്നെ തന്റെ സ്ഥാപനങ്ങളിലേക്ക് കടന്നുവരുന്ന മൃഗങ്ങളെ ഒരിക്കലും ആട്ടി ഓടിക്കരുത് എന്ന് അദ്ദേഹം ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം മനസ്സിലാക്കി ജീവനക്കാർ ആ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുന്നതാണ് താജ് ഹോട്ടലിന് മുൻപിലായി സ്വസ്ഥമായി ഉറങ്ങുന്ന ഈ നായയുടെ ജീവിതകഥയുടെ കാരണവും. രത്തൻ ടാറ്റ സംരംഭക രംഗത്ത് മാത്രമല്ല വിജയം കൈവരിച്ചിരിക്കുന്നത്, ഈ ഭൂമിയിലെ ഓരോ ജീവികളോടും ബഹുമാനവും കരുതലും കാണിച്ചുകൊണ്ട് ഏവർക്കും മാതൃകയായ ഒരു ജീവിതം കൂടിയാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്.
Discussion about this post