തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ശോഭന തന്നോട് പറഞ്ഞുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ശോഭനയും താനും നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി ശോഭന മത്സരിക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശോഭന താനുമായി ബന്ധപ്പെട്ടത് എന്നാണ് ശശി തരൂർ പറയുന്നത്. ശോഭന തന്നെ ഫോണിൽ വിളിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. താനും ശോഭനയും നല്ല സുഹൃത്തുക്കളാണ്. തിരുവനന്തപുരത്തെ തന്റെ എതിരാളികളെ വിലകുറച്ച് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ശോഭന വലിയ രാഷ്ട്രീയക്കാരിയാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭന സ്ഥാനാർത്ഥിയാകുമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശോഭന മത്സരിക്കില്ലെന്ന ശശി തരൂരിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശ്ശൂരിലെ ബിജെപിയുടെ വനിതാ സമ്മേളനത്തിൽ ശോഭന പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശോഭന ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചത്.
Discussion about this post