ഷിംല: അയോഗ്യരാക്കിയതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കാണിച്ച് കോടതിയെ സമീപിക്കാനൊരുങ്ങി ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ അയോഗ്യരാക്കിയ ആറ് കോൺഗ്രസ് എംഎൽഎമാർ. തങ്ങൾ നിയമപരമായ വഴി തേടുകയും തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യും എം എൽ എ മാർ വ്യക്തമാക്കി.
നോട്ടീസിന് മറുപടി നൽകാൻ ഏഴ് ദിവസത്തെ സമയം നൽകേണ്ടത് നിർബന്ധമാണെന്നും അത് നല്കപ്പെട്ടിട്ടില്ലെന്നും പ്രധാന രേഖകൾ നൽകിയിട്ടില്ലെന്നും അയോഗ്യരാക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സത്യപാൽ ജെയിൻ പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമത്തിന് കീഴിൽ അഞ്ചോ ആറോ നിബന്ധനകളുണ്ടെന്നും മറുപടി നൽകാനുള്ള ഏഴ് ദിവസത്തെ സമയം ഉൾപ്പെടെ അവ പാലിക്കേണ്ടതുണ്ടെന്നും ജെയിൻ പറഞ്ഞു. ഹർജിയുടെ പകർപ്പ് നൽകിയാലും മറുപടി നൽകാൻ ഏഴു ദിവസത്തെ സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമം രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ബാധകമല്ലെന്നും സുപ്രീം കോടതി ഇത് ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമം ഒരു നിയമസഭാംഗത്തെ അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കർക്ക് നൽകിയിട്ടുണ്ട്, എന്നിരുന്നാലും തീരുമാനത്തിൻ്റെ നിയമസാധുതയുടെ അടിസ്ഥാനത്തിൽ ഒരു ഭരണഘടനാ കോടതിയിൽ അതിനെ ചോദ്യം ചെയ്യാം.
Discussion about this post