തിരുവനന്തപുരം : കേരള സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം നടപ്പിലാക്കാനൊരുങ്ങി സർക്കാർ. അദ്ധ്യാപക- അനദ്ധ്യാപക നിയമനങ്ങളിലാണ് പി എസ് സി മാതൃകയിൽ സംവരണം നടപ്പിലാക്കുക. തിരുവിതാംകൂർ, കൊച്ചി, മലബാർ,ഗുരുവായൂർ, കൂടൽമാണിക്യം എന്നിങ്ങനെയുള്ള കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സംവരണം നടപ്പിലാക്കുക.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദേവസ്വം ബോർഡുകളുടെ യോഗത്തിലാണ് സംവരണ കാര്യം തീരുമാനമായത്. പിന്നീട് സർക്കാർ ഈ തീരുമാനം അംഗീകരിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു. സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോർഡുകളിൽ 3 ദേവസ്വം ബോർഡുകൾക്ക് കീഴിൽ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളത്. മലബാർ ദേവസ്വം ബോർഡ്, കൂടൽമാണിക്യം ദേവസ്വം ബോർഡ് എന്നിവയ്ക്ക് കീഴിലായി ഇതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ല. നിലവിൽ 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് ദേവസ്വം ബോർഡുകൾക്ക് കീഴിലായി ഉള്ളത്.
പി എസ് സി മാതൃകയിൽ സംവരണം നടപ്പിലാക്കുന്നതോടെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സാമൂഹ്യനീതി ഉറപ്പുവരുത്താൻ കഴിയുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 733 തസ്തികകളാണ് ഉള്ളത്. സംവരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കിയ ശേഷം ആയിരിക്കും ഇനി ദേവസ്വം ബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം നടത്തുക.
Discussion about this post