എറണാകുളം: ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചിത്രമായ ‘മാർക്കൊ’യ്ക്ക് വേണ്ടി പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രുർ ഗാനങ്ങൾ ചിട്ടപ്പെടുത്തും. കെജിഎഫ് ചാപ്റ്റർ 1,2 ഉൾപ്പെടെയുള്ള നിരവധി കന്നട ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച സംവിധായകനാണ് രവി ബസ്രുർ. രവി ബസ്രുർ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയാ പേജുകളിലൂടെ അറിയിച്ചത്. ഈ സന്തോഷവാർത്ത പുറത്തെത്തിയതോടെ സിനിമാ പ്രേമികളൊക്കെ ഏറെ ആകാംഷയിലാണ്.
ഉഗ്രാം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച രവി ബസ്രുർ കെജിഎഫിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചത്. സൗണ്ട് ഡിസൈനർ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ മേഖലയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള രവി ബസ്രുർ സൽമാൻ ഖാന്റെ കബി ഈദ് കബി ദീപാവലി, അക്ഷയ്കുമാറിന്റെ ഗരുഡ്, അജയ് ദേവ്ഗണിന്റെ കൈദിയുടെ റിമേക്ക്, പ്രഭാസിന്റെ സലാർ എന്നീ സിനിമകളിലും സംഗീത സംവിധായകനായിരുന്നു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന ചിത്രമാണ് മാർക്കോ. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമ്മാണം. ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം ഈ വർഷം തന്നെ തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.












