കോഴിക്കോട് : മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് നടക്കാവ് പോലീസ്. സുരേഷ് ഗോപി നടത്തിയത് ബോധപൂർവ്വമായ ലൈംഗികാതിക്രമം ആണെന്നാണ് കുറ്റപത്രത്തിൽ പോലീസ് സൂചിപ്പിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരമായാണ് പോലീസിന്റെ ഈ നടപടിയെന്ന് വിമർശനമുയരുന്നു.
ഇന്ത്യൻ പീനൽ കോഡിലെ 354 വകുപ്പ് ചുമത്തിയാണ് നടക്കാവ് പോലീസ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം പോലീസ് ആക്ടിലെ 119 എ വകുപ്പും ചുമത്തിയിട്ടുണ്ട്. മീഡിയ വൺ റിപ്പോർട്ടർക്ക് ബോധപൂർവ്വം മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ സുരേഷ് ഗോപി പ്രവർത്തിച്ചു എന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.
2023 ഒക്ടോബർ 27ന് കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ എത്തിയിരുന്ന സുരേഷ് ഗോപിയോട് മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിൽ ആയിരുന്നു സുരേഷ് ഗോപി മീഡിയ വൺ റിപ്പോർട്ടർ ആയ അതിജീവിതയുടെ തോളിൽ കൈവെച്ചത്. ഇതിന് പിന്നാലെ മാദ്ധ്യമപ്രവർത്തക സുരേഷ് ഗോപി തന്നെ അപമാനിച്ചെന്നു കാണിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post