ന്യൂഡൽഹി; ഏതെങ്കിലും പ്രത്യേക മതപരമോ സാംസ്കാരികമോ ആയ സമൂഹത്തിൻ്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തതല്ല ഇന്ത്യയിലെ പോലീസും നിയമങ്ങളും എന്ന് വ്യക്തമാക്കി ഡൽഹി ഹൈ കോടതി. അന്വേഷണത്തിൽ അജ്ഞാതർക്ക് ഇടമില്ലെന്നും സ്വന്തം മുഖം കാണിക്കാതിരിക്കുക എന്ന വിഷയമേ വരുന്നില്ല, അത് അനുവദിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. പർദ ധരിച്ച സ്ത്രീകളുടെ ആവശ്യങ്ങളോട് “കൂടുതൽ സംവേദനക്ഷമത” കാണിക്കാൻ നിയമ നിർവ്വഹണ ഏജൻസികൾക്ക് നിർദ്ദേശങ്ങൾ നൽകാൻ വിസമ്മതിച്ചു കൊണ്ട് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
മതപരമായ വിശ്വാസമായോ വ്യക്തിപരമായ തിരഞ്ഞെടുപ്പ് ആണെങ്കിലോ ‘പർദ്ദ ‘ ആചരിക്കുന്ന സ്ത്രീകൾ അനുഷ്ഠിക്കുന്ന പവിത്രമായ മതപരവും സാമൂഹികവുമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് ഡൽഹി പോലീസിനെ ബോധവത്കരിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു മുസ്ലീം സ്ത്രീ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഏതെങ്കിലും പ്രത്യേക മതത്തിൻ്റെയോ ഏതെങ്കിലും സാംസ്കാരിക സമൂഹത്തിൻ്റെയോ താൽപ്പര്യങ്ങൾക്കായി മാത്രം പോലീസ് രൂപകൽപ്പന ചെയ്തിട്ടില്ലെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പകരം, നിഷ്പക്ഷത, നീതി, യുക്തി എന്നിവയുടെ തത്വങ്ങളാൽ നിയമസംവിധാനം നയിക്കപ്പെടേണ്ടതുണ്ടെന്ന് ഈ കോടതി അഭിപ്രായപ്പെടുന്നു.
“നിയമ നിർവ്വഹണ ഏജൻസികളും അവരുടെ അന്വേഷണങ്ങളും മതപരമായ ആചാരങ്ങളാൽ നയിക്കപ്പെടാൻ പാടില്ല , മറിച്ച് സമൂഹനന്മയും സുരക്ഷാ താല്പര്യങ്ങളും ആയിരിക്കണം അവരെ നയിക്കേണ്ടത് ,” കോടതി കൂട്ടിച്ചേർത്തു
ഒരു അന്വേഷണ ഏജൻസി നിഷ്പക്ഷത, ന്യായം, ന്യായബോധം എന്നിവയുടെ തത്വങ്ങൾ പാലിക്കണമെന്നും സമൂഹത്തിൻ്റെ താൽപ്പര്യത്തിന് വിരുദ്ധമായ ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കാൻ അവരെ നിർദ്ദേശിക്കുന്നത് അനീതിയും ദുരുപയോഗത്തിനുള്ള സാധ്യതയും ഉണ്ടാക്കുമെന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ നിരീക്ഷിച്ചു.
Discussion about this post