ലാഹോര്‍: പത്താന്‍കോട്ട് ഭീകരാക്രമണ സൂത്രധാരന്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ നിയമ മന്ത്രി റാണ സനാവുല്ല സ്ഥിരീകരിച്ചു. എന്നാല്‍ അസ്ഹറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പഞ്ചാബ് പൊലീസിലെ തീവ്രവാദ വിരുദ്ധവിഭാഗം അദ്ദേഹത്തെ സംരക്ഷിത തടങ്കലില്‍ വയ്ക്കുക മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
നേരത്തെ അസ്ഹറിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം നല്കാന് പാക്കിസ്ഥാന് തയ്യാറായിരുന്നില്ല. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അസ്ഹറിനെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ എടുത്തതെന്നും ആക്രമണത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അസ്ഹറിനെ അറസ്റ്റ് ചെയ്യുമെന്നും റാണാ പറഞ്ഞു.
നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദിനെതിരെയുള്ള നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
പഠാന്‍കോട്ട് ഭീകരാക്രമണ സൂത്രധാരനെന്നു കരുതപ്പെടുന്ന ജയ്ഷെ മുഹമ്മദ് തലവന്‍ മൗലനാ മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തതായി വിവരമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തെന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത പാക്കിസ്ഥാനും നിഷേധിച്ചിരുന്നു.
Discussion about this post