അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡിങ് ആഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിൽ നടന്ന ഈ ആഘോഷങ്ങളുടെ വീഡിയോകൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാണ്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു അനന്ത് അംബാനിയുടെ കൈയിലെ വാച്ച് കണ്ട് മാർക്ക് സുക്കർബർഗിന്റെ ഭാര്യ പ്രസില്ല ചാൻ അതിശയിക്കുകയും വാച്ചിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുകയും ചെയ്യുന്ന ഒരു വീഡിയോ.
ഈ വീഡിയോ വൈറലായതിന് പിന്നാലെ ഈ വാച്ച് ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. വാച്ചുകളോട് ഏറെ പ്രിയമുള്ള ആളായാണ് ജൂനിയർ അംബാനി അറിയപ്പെടുന്നത്. നിരവധി ആഡംബര വാച്ചുകളുടെ കളക്ഷൻ സ്വന്തമായുള്ള ആളാണ് അനന്ത് അംബാനി. പ്രീ വെഡിങ് ആഘോഷങ്ങളുടെ ആദ്യ ദിവസത്തിൽ അനന്ത് ധരിച്ചിരുന്ന വജ്രവും മരതകവും പൊതിഞ്ഞ വാച്ചും ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രീ വെഡിങ് ആഘോഷങ്ങളുടെ രണ്ടാം ദിവസത്തിൽ ജാംനഗറിൽ അംബാനി കുടുംബം പുതുതായി സ്ഥാപിച്ച വനതാര എന്ന മൃഗസംരക്ഷണ കേന്ദ്രത്തിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് സുക്കർബർഗും ഭാര്യയും അനന്ത് അംബാനിയുടെ വാച്ച് കണ്ട് അതിശയിച്ചത്. റിച്ചാർഡ് മില്ലെ ബ്രാൻഡിന്റെ അത്യാഡംബര വാച്ചുകളുടെ കളക്ഷനിലുള്ള ഒരു വാച്ച് ആയിരുന്നു അനന്ത് ധരിച്ചിരുന്നത്. എട്ടരക്കോടി രൂപയാണ് ഈ വാച്ചിന്റെ വില. സ്വിറ്റ്സർലാൻഡിലെ ആഡംബര വാച്ച് നിർമ്മാതാക്കളിൽ ഒന്നാണ് സ്വിസ് വാച്ച് മേക്കിംഗ് ബ്രാൻഡായ റിച്ചാർഡ് മില്ലെ. താൻ ഇതുവരെയും ഒരു വാച്ച് വാങ്ങാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ ഇപ്പോൾ ഒരെണ്ണം വാങ്ങാൻ തോന്നുന്നു എന്നുമാണ് അനന്ത് അംബാനിയുടെ ഈ വാച്ച് കണ്ട് അമ്പരന്ന സുക്കർബർഗ് അഭിപ്രായപ്പെട്ടത്.
Discussion about this post