കണ്ണൂർ: പയ്യന്നൂരിൽ റോഡിന് അരികിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രികന് പരിക്ക്. കാങ്കോൽ സ്വദേശി ശശീന്ദ്രനാഥിനാണ് പരിക്കേറ്റത്. കുടിവെള്ള പൈപ്പ് പൊട്ടിയ കുഴിയിൽ വീണായിരുന്നു അപകടം.
ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ പോകുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. വീഴ്ചയിൽ കാലിനും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. മറ്റ് യാത്രികർ ചേർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ രാത്രിയാണ് വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയത്. എന്നാൽ ഇത് സൂചിപ്പിക്കുന്ന മുന്നറിയ്പ്പ് ബോർഡുകൾ ഒന്നും തന്നെ സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം അപകടത്തിന് ശേഷം അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.












