എറണാകുളം : നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം പോലീസ് ബലമായി പിടിച്ചെടുത്തു. ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനിടയിൽ ആയിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളെ ബലം പ്രയോഗിച്ചു നീക്കം ചെയ്താണ് പോലീസ് മൃതദേഹം ഏറ്റെടുത്തത്.
ഇന്ദിരയുടെ മൃതദേഹം കിടത്തിയിരുന്ന ഫ്രീസർ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് ആംബുലൻസിൽ കയറ്റിയത്. തുടർന്ന് ആംബുലൻസിന്റെ വാതിൽ പോലും അടക്കാതെയാണ് വാഹനം യാത്ര തിരിച്ചത്. പോലീസ് നടപടിയിൽ ഇന്ദിരയുടെ സഹോദരൻ സുരേഷ് അടക്കമുള്ള ബന്ധുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്.
ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും ചേർന്നായിരുന്നു ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ പ്രതിഷേധം നടത്തിയിരുന്നത്. പോലീസ് നടപടിയെ തുടർന്ന് സംഘർഷം ഉണ്ടായതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാർ കെട്ടിയിരുന്ന സമരപ്പന്തലും പോലീസ് ബലമായി പൊളിച്ചു നീക്കി. കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ് എന്നിവരായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നത്.
Discussion about this post