ലഖ്‌നൗ : 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ 2 മണ്ഡലങ്ങളിൽ നിന്നും മത്സരിക്കും. കനൗജിലും അസംഗഢിലും ആണ് അഖിലേഷ് യാദവ് മത്സരിക്കുക. നേരത്തെ ഈ രണ്ടു മണ്ഡലങ്ങളിൽ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് അഖിലേഷ്. ഒരു സീറ്റിൽ മാത്രം നിന്നാൽ തോൽക്കുമോ എന്ന ഭയം കൊണ്ടാണ് അഖിലേഷ് യാദവ് രണ്ട് സീറ്റുകളിൽ നിന്നും മത്സരിക്കുന്നത് എന്നാണ് ഉത്തർപ്രദേശ് ബിജെപി അഭിപ്രായപ്പെടുന്നത്.
മുസ്ലീം, യാദവ വോട്ടർമാർ കൂടുതലുള്ള ഈ രണ്ട് സീറ്റുകളും എസ്പിയുടെ ശക്തികേന്ദ്രങ്ങളായാണ് കണക്കാക്കപ്പെട്ടിരുന്നത് . 2000, 2004, 2009 വർഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ അഖിലേഷ് യാദവ് കനൗജിൽ നിന്ന് തുടർച്ചയായി വിജയിച്ചിരുന്നു. അതിന് ശേഷം 2014ൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് ഇവിടെ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാൽ 2019 ലെ തിരഞ്ഞെടുപ്പിൽ ഡിംപിൾ യാദവ് ബി.ജെ.പി സ്ഥാനാർത്ഥി സുബ്രതാ പഥക്കിനോട് പരാജയപ്പെട്ടതോടെ എസ്പി സ്ഥിരമായി നിലനിർത്തി പോന്നിരുന്ന സീറ്റ് നഷ്ടപ്പെട്ടിരുന്നു.
2019ൽ തന്നെ അഖിലേഷ് യാദവ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അസംഗഡ് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ എസ്പി സ്ഥാനാർഥി ധർമേന്ദ്ര യാദവിനെ പരാജയപ്പെടുത്തിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവ് നിരാഹുവ വർഷങ്ങളായി എസ്പിയുടെ ശക്തികേന്ദ്രമായ ഈ സീറ്റ് പിടിച്ചെടുത്തിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ കുത്തകയായിരുന്ന കനൗജ്, അസംഗഡ് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്.
Discussion about this post