മാലെ; ചൈനയോട് കൂടുതൽ അടുത്ത് മാലിദ്വീപ്. ചൈനയിൽ നിന്ന് സൈനികസഹായം സ്വീകരിക്കാൻ മാലിദ്വീപ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സൗജന്യ സൈനിക സഹായം നൽകുന്നതിനായി ചൈന തിങ്കളാഴ്ച മാലിദ്വീപുമായി പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് മുഹമ്മദ് മുയിസു തന്റെ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് ഇന്ത്യൻ സൈനികരുടെ ആദ്യ സംഘത്തെ പിൻവലിക്കാനുള്ള സമയപരിധി നിശ്ചയിച്ച് ആഴ്ചകൾക്ക് ശേഷമാണ് പുതിയ സംഭവ വികാസം.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാലദ്വീപ് പ്രതിരോധ മന്ത്രി മുഹമ്മദ് ഗസ്സാൻ മൗമൂൺ ചൈനയുടെ ഇന്റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഷാങ് ബവോഖുനുമായി കൂടിക്കാഴ്ച നടത്തി. മാലിദ്വീപ് റിപ്പബ്ലിക്കിന് ചൈനയുടെ സൈനിക സഹായം സൗജന്യമായി നൽകുന്നതിനുള്ള കരാറിൽ മൗമൂണും മേജർ ജനറൽ ബവോഖും ഒപ്പുവച്ചു, ശക്തമായ ഉഭയകക്ഷി ബന്ധം വളർത്തിയെടുത്തു,’ മാലിദ്വീപ് പ്രതിരോധ മന്ത്രാലയം അതിന്റെ എക്‌സ് ഹാൻഡിൽ പോസ്റ്റ് ചെയ്തു.പ്രതിരോധ സഹകരണ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, മാലദ്വീപിന് 12 പരിസ്ഥിതി സൗഹൃദ ആംബുലൻസുകളും ചൈന സമ്മാനിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അതേസമയം ഇന്ത്യയെ തഴഞ്ഞ് ചെെനയെ കൂടുതൽ അടുപ്പിക്കുന്ന സർക്കാർ നിലപാടിനെതിരെ ജനങ്ങൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കുന്നത് വലിയ ആപത്തായി മാറുമെന്നാണ് ആരോപണം.
Discussion about this post