ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെമ്പാടുമുള്ള ബിജെപി നേതാക്കളും അണികളും കഠിനാധ്വാനത്തിലാണ്. പരമാവധി വോട്ടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ വികസനം വിജയമന്ത്രമാക്കി വിശ്രമമില്ലാത്ത ജോലിയിലാണ്. രാപകൽ ഭേദമന്യേ സഞ്ചരിച്ചാണ് ഓരോ പ്രവർത്തകനും തുടർഭരണം ഉറപ്പുവരുത്തുന്നത്. ഇതിനിടെ അർപ്പണബോധമുള്ള ഒരു യുവാവിനെ കണ്ടുമുട്ടിയ കഥപങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി.
ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതറിഞ്ഞിട്ടും, തന്നെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയ ബിജെപി പ്രവർത്തകന്റെ സമർപ്പണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. തമിഴ്നാട്ടിലെ ബിജെപി പ്രവർത്തകനായ അശ്വന്ത് പിജൈ ആണ് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയത്. അതിനിടയിൽ തന്റെ ഭാര്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നും എന്നാൽ താൻ ഇതുവരെ അവരെ കണ്ടിട്ടില്ലെന്നും ഭാര്യയോട് സംസാരിച്ചില്ലെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. ഇത് കേട്ട് പ്രധാനമന്ത്രി വികാരഭരിതനാവുകയായിരുന്നു.
ഒരു സവിശേഷമായ കൂടിക്കാഴ്ചയായിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ ഞങ്ങളുടെ പ്രവർത്തകരിൽ ഒരാളായ അശ്വന്ത് പിജൈ ജി എന്നെ സ്വീകരിക്കാനെത്തിയിരുന്നു. തന്റെ ഭാര്യ കുറച്ചു മുൻപ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നും എന്നാൽ താനിതുവരെ അവരെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നെ സ്വീകരിക്കാൻ വരേണ്ടിയിരുന്നില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു” എന്നാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
നമ്മുടെ പാർട്ടിയിൽ അർപ്പണബോധമുള്ള ഇത്തരം പ്രവർത്തകരുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇവരുടെ സ്‌നേഹം കാണുമ്പോൾ ഞാൻ വികാരാധീനനായി മാറുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









Discussion about this post