വയനാട്: പൂക്കോട് വെറ്റിനററി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീൻ എംകെ നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും വിശദീകരണം നൽകി. സംഭവത്തിൽ സർവകലാശാല വിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇരുവരും വിശദീകരണം നൽകിയത്.
സിദ്ധാർത്ഥിന്റെ മരണം അറിഞ്ഞ ഉടന തന്നെ നടപടിയെടുത്തിരുന്നെന്നും ബന്ധുക്കളെ വിവരം അറിയിച്ചിരുന്നെന്നുമാണ് ഇരുവരും നൽകിയ വിശദീകരണം. പോസ്റ്റുമോർട്ടം നടക്കുമ്പോൾ നേരിട്ട് ചെന്നിരുന്നെന്നും സംഭവത്തിൽ വീഴ്ച്ച പറ്റിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, വിശദീകരണം നൽകിയെങ്കിലും ഇരുവരുടെയും ഭാഗത്ത് നിന്ന് വീഴ്ച്ച പറ്റിയതിന്റെ തെളിവുകൾ ഉൾപ്പെടെ നിലനിൽക്കുന്നതിനാൽ നടപടിയുണ്ടാകാനാണ് സാധ്യത. ഇന്ന് തന്നെ ഇവരെ സ്ഥാനത്ത് നിന്നും മാറ്റിക്കൊണ്ടുള്ള ഉത്തരവുണ്ടായേക്കും. ഹോസ്റ്റിലിലും ക്യാമ്പസിലും ഇത്രയം ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഇരുവരും സംഭവങ്ങളെ കുറിച്ച് അറിഞ്ഞില്ലെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ ചോദിച്ചിരിക്കുന്നത്.
ഹോസ്റ്റലിൽ നടന്ന റാഗിംഗിനെ കുറിച്ച് ഒന്നും അറിഞ്ഞില്ലെന്ന് നേരത്തെ ഡീൻ പറഞ്ഞിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടൻ തന്നെ ബന്ധുക്കളെ അറിയിച്ചതായും ജീവൻ രക്ഷിക്കാനായി ആശുപത്രിയിൽ കൊണ്ട് പോയെന്നും ഡീൻ പറഞ്ഞിരുന്നു. എന്നാൽ, ബന്ധുക്കളെ വിളിച്ച് അറിയിച്ചെന്ന ഡീനിന്റെ വാദം തള്ളി സിദ്ധാർത്ഥിന്റെ പിതാവ് രംഗത്ത് വന്നിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനാണ് ഡീൻ ശ്രമിക്കുന്നതെന്നും പോലീസ് എത്തുന്നതിന് മുൻപ് തന്നെ മൃതദേഹം അഴിച്ച് ആശുപത്രിയിൽ കൊണ്ടുപോയത് തെളിവ് നശിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Discussion about this post