തിരുവനന്തപുരം : മുൻ നിയമ സെക്രട്ടറി ആയിരുന്ന വി ഹരി നായർ ഇനി സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ വച്ചാണ് വി ഹരി നായർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. രാജ്ഭവനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന് സത്യ വാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സന്നിഹിതനായിരുന്നു. നേരത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് കേരള സർക്കാർ സമർപ്പിച്ച മൂന്നുപേരുടെ പട്ടിക ഗവർണർ തള്ളിയിരുന്നു. വേണ്ടത്ര യോഗ്യതയില്ലാത്തവരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചതെന്നാണ് ഗവർണർ വ്യക്തമാക്കിയിരുന്നത്. പിന്നീടാണ് നിയമ സെക്രട്ടറി ആയിരുന്ന വി ഹരി നായരെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിച്ചത്.
തിരുവനന്തപുരം സ്വദേശിയായ വി ഹരി നായർ 1995ൽ കേരള ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ച വ്യക്തിയാണ്. പത്തനംതിട്ട മുൻസിഫായി ജോലി ആരംഭിച്ച അദ്ദേഹം ജുഡീഷ്യൽ സർവീസിൽ പിന്നീട് നിരവധി ചുമതലകൾ വഹിച്ചിരുന്നു. 2001ൽ കേരളത്തിന്റെ നിയമ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം കഴിഞ്ഞ ജൂലൈയിലാണ് വിരമിച്ചത്.
Discussion about this post