പാരീസ് : ഗർഭച്ഛിദ്രം മൗലികാവകാശമാക്കി മാറ്റി ഫ്രാൻസ്. ഇതോടെ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫ്രാൻസ് മാറി. വെർസൈൽസ് കൊട്ടാരത്തിൽ ചേർന്ന പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തിലാണ് ഫ്രഞ്ച് നിയമസഭ ഗർഭച്ഛിദ്രം മൗലികാവകാശമാക്കുന്ന പുതിയ ബില്ലിന് അംഗീകാരം നൽകിയത്.
ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തുന്ന ബില്ലിനെ അനുകൂലിച്ചുകൊണ്ട് 750 വോട്ടുകൾ ആണ് ലഭിച്ചത്. 72 പേർ മാത്രമാണ് ബില്ലിനെ എതിർത്തത്. ഫ്രഞ്ച് പാർലമെന്റിൽ രണ്ടു സഭകളിലും ഈ ബിൽ വോട്ടിന് ഇട്ടിരുന്നു. എംപിമാരുടെ പ്രത്യേക സമ്മേളനത്തിൽ അതിവേഗത്തിലാണ് ബിൽ ഇരുസഭകളിലും പാസായത്.
ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയ നടപടി ആഘോഷിക്കുന്നതിനായി അന്താരാഷ്ട്ര വനിതാ അവകാശ ദിനമായ വെള്ളിയാഴ്ച സർക്കാർ ഒരു ഔപചാരിക ചടങ്ങ് നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. രാജ്യത്തെ പുതിയ നിയമഭേദഗതിയെ വനിതാ അവകാശ പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങളിലൂടെയാണ് വരവേറ്റത്. ഈഫൽ ടവർ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ വനിതകളുടെ ആഘോഷ പരിപാടികൾ നടന്നിരുന്നു.
Discussion about this post